Thamarassery: നല്ലൊരു വിഭാഗം ആദിവാസികൾ ഉൾപ്പെടെ ആശ്രയിക്കുന്ന താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കാണുന്നതേറെയും അസൗകര്യങ്ങൾ. പ്രസവാശുപത്രിക്കായി പൊളിച്ച കെട്ടിടത്തിന്റെ രണ്ടാംഘട്ട നിർമ്മാണത്തിന് സർക്കാർ ഫണ്ട് ലഭിക്കാത്തതു മുതൽ തുടങ്ങുന്നു പ്രശ്നങ്ങൾ. വയനാടിനും കോഴിക്കോട് മെഡിക്കൽ കോളേജിനുമിടയിലെ പ്രധാന ആശുപത്രിയായിട്ടും വേണ്ടത്ര ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സ മുടങ്ങുകയാണ്. പ്രദേശത്ത് വാഹനാപകടമുണ്ടായാൽ പരിക്കേറ്റവരെ ആദ്യം കൊണ്ടുവരിക ഇവിടേക്കാണ്. എന്നാൽ കാഷ്വാലിറ്റി ഡോക്ടർമാരുടെ കുറവു മൂലം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യേണ്ട സ്ഥിതിയാണ്. ഉച്ചയ്ക്ക് ഒ.പി കഴിയുന്നതോടെ ഡോക്ടർമാർ പോകും. രാത്രിയിൽ ഉൾപ്പെടെ കാഷ്വാലിറ്റിയിൽ ഒരു ഡോക്ടർ മാത്രം. പോക്സോ കേസുകളുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് പൊലീസ് ആശ്രയിക്കുന്നത് ഈ ആശുപത്രിയെയാണ്. പെൺകുട്ടികളെയാണ് കൊണ്ടുവരുന്നതെങ്കിൽ കാഷ്വാലിറ്റിയിൽ ലേഡി ഡോക്ടർ ഉണ്ടാകുമെന്ന ഉറപ്പുമില്ല. രാത്രിയിൽ പ്രസവ കേസുകളെത്തിയാൽ അതിലും ബുദ്ധിമുട്ടാണ്. വന്നിട്ട് കാര്യമില്ലെന്ന് കരുതുന്ന പലരും നേരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയാണ്. മുമ്പ് ധാരാളം പ്രസവക്കേസുകൾ വന്നിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
സജ്ജമാക്കണം അമ്മയും കുഞ്ഞും ആശുപത്രി
ഇപ്പോൾ ലേബർ റൂം പ്രവർത്തിക്കുന്നത് ഓപ്പറേഷൻ തിയറ്ററിനോട് ചേർന്ന കെട്ടിടത്തിലാണ്. അമ്മമാരും കുട്ടികളും ധാരാളം എത്തുന്നതിനാൽ അമ്മയും കുഞ്ഞും ആശുപത്രി സജ്ജമാക്കേണ്ടതുണ്ട്. ഇതിന് ആശുപത്രിയധികൃതർ പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. സ്ഥലം എം.എൽ.എയും ഇടപെട്ടിട്ടുണ്ടെങ്കിലും നടക്കുമോ എന്നതിൽ ഉറപ്പില്ല. ഒന്നര വർഷം മുമ്പ് പൊളിച്ചിട്ട കെട്ടിടം എന്ന് പുനർനിർമ്മിക്കുമെന്നും ഉറപ്പില്ല. മൂന്ന് ഗെെനക്കോളജിസ്റ്റുകളാണ് നിലവിലുള്ളത്. ഒ.പിയിലും കാഷ്വാലിറ്റിയിലുമൊക്കെ ഇവർ തന്നെ ജോലി ചെയ്യണം. അനസ്തേഷ്യ ഡോക്ടർ ഒരാൾ മാത്രം. ഉച്ചയ്ക്ക് ശേഷം അടിയന്തര കേസുകളുണ്ടായാൽ റഫർ ചെയ്യാനേ നിവൃത്തിയുള്ളൂ. ഒരു റഫറൽ ആശുപത്രിയെന്ന നിലയിലേക്ക് താലൂക്കാശുപത്രി മാറുകയാണ്
Thamarassery Taluk Hospital, crucial for tribal communities and accident victims between Wayanad and Kozhikode, faces severe staff shortages and infrastructure issues. Lack of funding stalled the maternity ward's reconstruction, and with too few doctors, patients are often referred to Kozhikode Medical College. Labor room facilities are overcrowded, with only one anesthetist and limited gynecologists handling all cases. Despite proposals and political promises, there’s no clear timeline for improvements, leaving many critical patients vulnerable.