പറ്റ്ന: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബിഹാര്‍ സ്വദേശിയെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ചെരുപ്പുകുത്തി തൊഴിലാളിയായ സുനിൽ കുമാർ റാമാണ്(26) പഞ്ചാബിലെ ബതിന്ദയിൽ അറസ്റ്റിലായത്. വാട്സാപ്പ് ചാറ്റിലൂടെ പാകിസ്താൻ സ്ത്രീയോട് സൈനിക ക്യാമ്പിന്‍റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവച്ചെന്നാണ് ആരോപണം. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ചാറ്റുകൾ കണ്ടെത്തിയത്.
ബതിന്ദയിലെ സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയതിന് പാകിസ്താനി സ്ത്രീ സുനിലിന് പണം നൽകിയിരുന്നതായി റിപ്പോര്‍ട്ടുകൾ പറയുന്നു. സുനിൽ ചാരവൃത്തി നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പ്രതിയുമായി ആശയവിനിമയം നടത്താൻ സ്ത്രീ വാട്സാപ്പാണ് ഉപയോഗിച്ചിരുന്നത്. ഇവര്‍ തമ്മിലുള്ള സംഭാഷണങ്ങൾ സംശയാസ്പദമായ സ്വഭാവമുള്ളതായി കണ്ടെത്തി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.സുനിൽ കുറച്ചുനാളുകളായി ബതിന്ദ കാന്‍റിൽ താമസിച്ചുവരികയാണ്. പ്രദേശത്തുള്ള ഒരു കടയിൽ ജോലി ചെയ്തുവരികയായിരുന്നു. പണം നൽകാമെന്ന പാക് യുവതിയുടെ പ്രലോഭനത്തിൽ സുനിൽ വീഴുകയും വിവരങ്ങൾ നൽകാമെന്ന് സമ്മതിക്കുകയുമായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പാക് ഏജന്‍റെന്ന് കരുതുന്ന സ്ത്രീ സൈനിക മേഖലയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിച്ചിരുന്നതായാണ് വിവരം. സ്ത്രീ കുറച്ചുകാലമായി സുനിലുമായി ആശയവിനിമയം നടത്തിയിരുന്നു. ചാരവൃത്തി സംഘത്തിൽ ഉൾപ്പെട്ട പാക് യുവതിയെയും മറ്റുള്ളവരെയും തിരിച്ചറിയാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങളിൽ സൈബർ വിങ്ങിന്‍റെ പ്രവർത്തനം ഊർജിതപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചിൽ പാകിസ്താൻ ഇന്‍റലിജൻസ് ഏജന്‍റെന്ന് സംശയിക്കുന്നയാൾക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിൽ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. കാൺപൂർ ഓർഡനൻസ് ഫാക്ടറിയിലെ ജൂനിയർ വർക്ക്സ് മാനേജർ കുമാർ വികാസിനെയാണ് ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തത്. പണത്തോടുള്ള അത്യാർത്തി മൂലം ഫാക്ടറിയിലെ യുദ്ധോപകരണങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ സംബന്ധിച്ച വിവരം ഉദ്യോഗസ്ഥന്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയ വഴി വികാസ് , നേഹ ശര്‍മയെന്ന് പേരുള്ള യുവതിയുമായി പരിചയപ്പെടുകയായിരുന്നു.
മാര്‍ച്ച് 13ന് ഫിറോസാബാദിലെ ഹസ്രത്പൂരിലുള്ള ഓർഡനൻസ് ഫാക്ടറിയിലെ ജീവനക്കാരനായ രവീന്ദ്ര കുമാറിനെ, നേഹ ശർമ എന്ന് സംശയിക്കപ്പെടുന്ന പാകിസ്താൻ ഏജന്‍റുമായി ഗൂഢാലോചന നടത്തിയതിന് യുപി എടിഎസ് അറസ്റ്റ് ചെയ്തിരുന്നു. പല സെൻസിറ്റീവ് രേഖകളും സംബന്ധിച്ച് രവീന്ദ്രകുമാറിന് അറിവുണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. ദൈനംദിന പ്രൊഡക്ഷൻ റിപ്പോർട്ടുകൾ, സ്‌ക്രീനിങ് കമ്മിറ്റിയിൽ നിന്നുള്ള രഹസ്യ കത്തുകൾ, തീർപ്പാക്കാത്ത അഭ്യർഥന പട്ടിക, ഡ്രോണുകൾ, ഗഗൻയാൻ പദ്ധതി എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഉൾപ്പെടെയുള്ള അങ്ങേയറ്റം രഹസ്യമായ വിവരങ്ങൾ ഐഎസ്‌ഐയുമായി ബന്ധമുള്ള ഒരു സ്ത്രീയുമായി ഇയാൾ പങ്കിട്ടതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു
English Summary:
A man from Bihar, Sunil Kumar Ram (26), was arrested in Bathinda, Punjab, for allegedly spying for Pakistan. He reportedly shared sensitive military information and camp images with a Pakistani woman via WhatsApp. Investigations revealed the woman lured him with money. Authorities suspect she is part of a larger espionage network. This incident follows similar arrests in Uttar Pradesh, where individuals were caught leaking defense secrets to Pakistani agents via social media
.