കോഴിക്കോട് ജില്ലയിലെ പ്രധാന വരുമാന ലഭ്യമായ ഡിപ്പോകളിൽ ഒന്നായ താമരശ്ശേരി ഡിപ്പോയുടെ സമഗ്ര നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. മലയോര താലൂക്കായ താമരശ്ശേരി ഡിപ്പോയെ ആധുനിക സവിശേഷതകളോടുകൂടി വികസിപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്.
കോഴിക്കോട്-കൊല്ലേഗൽ ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്ന ഡിപ്പോയുടെ നിലവിലെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായാണ് പുതിയ പദ്ധതിയുടെ രൂപീകരണം. പി.പി.പി മാതൃകയിൽ (സർക്കാർ-സ്വകാര്യ പങ്കാളിത്തം) ഡിപ്പോ നവീകരിക്കുക എന്നതാണ് ലക്ഷ്യം.
പദ്ധതിയുടെ ഭാഗമായി പൊതു പ്രവർത്തകരും, ഇജിഞ്ഞിയർമാരും, ആർക്കിടെക്റ്റുമാരും ചേർന്ന് സ്ഥലപരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീജയൻ, എ എക്സി അരുൺ, എ ഇ പ്രസാദ്, ആർക്കിടെക്റ്റ് ബിനു, എ ടി ഒ സുമേഷ്, താമരശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ അരവിന്ദൻ, വികസന സമിതി ചെയർമാൻ അയ്യൂബ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു. കൊടുവള്ളി എം.എൽ.എ ഡോ. എം.കെ. മുനീറിന്റെ നേതൃത്വത്തിൽ ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പദ്ധതി പ്രാവർത്തികമാകുന്നത്
.