Kalpetta, ആന്തരിക അവയവങ്ങള്‍ക്ക് മാത്രം പരിക്ക്, ഒപ്പമുള്ളവർക്ക് പോറല്‍പോലുമില്ല;യുവതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കുടുംബം

 


Kalpetta: വയനാട് 900 കണ്ടിയിലെ എമറാള്‍ഡ് വെഞ്ചേഴ്‌സ് റിസോര്‍ട്ടില്‍ ഷെഡ് തകര്‍ന്ന് വീണ് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ഹട്ട് തകര്‍ന്ന് വീണിട്ടും അപകടത്തില്‍ പരിക്കേറ്റത് മരിച്ച നിഷ്മക്ക് മാത്രമാണെന്ന് കുടുംബം ആരോപിച്ചു. കൂടെ ഉണ്ടായിരുന്ന 16 പേരില്‍ ഒരാള്‍ക്കും ഒരു പോറല്‍ പോലും ഏറ്റിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു. പ്രത്യേക സംഘത്തെ വെച്ച് അന്വേഷണം നടത്തണമെന്ന് നിഷ്മയുടെ മാതാവ് ആവശ്യപ്പെടുന്നത്.


ഹട്ട് തകര്‍ന്ന് വീണിട്ടും നിഷ്മയുടെ ശരീരത്തില്‍ ബാഹ്യ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒരു തുള്ളി രക്തം പോലും പൊടിഞ്ഞിട്ടില്ല. പരിക്ക് മുഴുവന്‍ ആന്തരിക അവയവങ്ങള്‍ക്ക് ആയിരുന്നുവെന്ന് കുടുംബം പറയുന്നു. മരണ ശേഷം ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരും ബന്ധപ്പെടുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ദുരൂഹത നീക്കാന്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.


വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം നടന്നത്. അപകടത്തില്‍ നിഷ്മയ്ക്ക് ജീവന്‍ നഷ്ടമാകുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തില്‍ റിസോര്‍ട്ട് മാനേജര്‍ സ്വച്ഛന്ത്, സൂപ്പര്‍വൈസര്‍ അനുരാഗ് എന്നിവരെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ഷെഡായിരുന്നു തകര്‍ന്നുവീണത്. മഴ പെയ്ത് മേല്‍ക്കൂരയ്ക്ക് ഭാരം കൂടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Post a Comment (0)
Previous Post Next Post