കോഴിക്കോട്:
ദേശീയപാത 66-ന്റെ നിർമാണത്തിൽ ഗുരുതര പാളിച്ച! കോഴിക്കോട്-തൃശൂർ ഭാഗത്ത് നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ പാതയുടെ ഭാഗങ്ങൾ തകർന്നു വീണ സംഭവമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഈ അപകടം രാജ്യത്ത് ഹൈവേ നിർമാണത്തെക്കുറിച്ചുള്ള സംശയങ്ങൾ കൂടുതൽ ശക്തമാക്കുന്നു.
'All Round Constructions' എന്ന യൂട്യൂബ് ചാനൽ വഴി സജീവമായ അബ്ദുൽ ലത്തീഫ്, ആറുമാസം മുമ്പ് തന്നെ ഈ തകർച്ച സംഭവിക്കുമെന്നു സംശയിച്ചതായി ഇപ്പോൾ തെളിഞ്ഞിരിക്കുന്നു. 2024 നവംബർ 29ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്ന ലത്തീഫിന്റെ മുന്നറിയിപ്പ് ഇപ്പോൾ വൈറലാണ്.
ലത്തീഫ് ചൂണ്ടിക്കാട്ടിയിരുന്നു – “ഇത്ര ഉയരത്തിൽ ഒറ്റ കല്ല് വീതിയിൽ നിര്‍മ്മിച്ച പാത നിൽക്കുമോ?” ഇതിന് പിന്നാലെ നിരവധി എഞ്ചിനീയർമാരും സോഷ്യൽ മീഡിയ ഉപയോക്താക്കളും അതിനോട് പ്രതികരിച്ചിരുന്നു.
നിലവിലെ തകർച്ച സംഭവിച്ച പ്രദേശം, വെള്ളം കെട്ടിനിൽക്കുന്ന വയലിന്മേൽ മതിയായ അടിത്തറ ഇല്ലാതെ ഉയരത്തിൽ കെട്ടിപ്പൊക്കിയ ഭാഗമായിരുന്നുവെന്നതാണ് കൂടുതൽ ആശങ്കയ്ക്കിടയാക്കുന്നത്.
സാങ്കേതിക വിദഗ്ധർ Reinforced Earth Wall എന്ന നിലയിൽ നിർമാണം വിവരിച്ചെങ്കിലും, പ്രായോഗികമായി സുരക്ഷാ ലംഘനങ്ങൾ നടന്നിട്ടുണ്ടെന്നതിന്റെ തെളിവായി ഇപ്പോഴത്തെ തകർച്ച
മാറുന്നു.