Payyoli: നാലുപേരുടെ ദാരുണ മരണത്തിനിടയാക്കിയ മൂരാട് ദേശീയപാതയിലെ അപകടകാരണം കാർ തെറ്റായ ദിശയിലൂടെ സഞ്ചരിച്ചതാണെന്ന് വ്യക്തമാവുന്നു. ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പയ്യോളി - വടകര ദേശീയപാതയിലെ മൂരാട് പാലത്തിന് സമീപം മാരുതി എർട്ടിഗ കാറും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരണപ്പെട്ടത്.
വടകര ഭാഗത്തേക്ക് പോകുകയായിരുന്നു കർണാടക സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ . ഈ സമയം ഇതേ ദിശയിൽ വടകരക്കുള്ള മൂന്നുവരി പാതയിലൂടെ തന്നെ ദിശ തെറ്റിച്ച് കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാർ ടെമ്പോട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലം അവസാനിക്കുന്ന പയ്യോളി ഭാഗത്ത് നിന്നും കോഴിക്കോട് പാതയിലേക്ക് കടക്കാനുള്ള വഴി ലക്ഷ്യമിട്ടാണ് കാർ സഞ്ചരിച്ചിരുന്നതെന്ന് വ്യക്തം. എന്നാൽ മറുവശത്ത് കടക്കാനുള്ള ശ്രമത്തിൽ ട്രാവലറുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാൽ കാർയാത്രക്കാർ ദിശ മാറി ഓടിയതിന്റെ കാരണവും വ്യക്തമല്ല.
മരിച്ചവരുടെ പോസ്റ്റ് മോർട്ടം ഇന്ന് നടക്കും. ഒളിവിലം സ്വദേശി പറമ്പത്ത് നളിനി (62), അഴിയൂർ പാറേമ്മൽ രജനി (രഞ്ജിനി, 50), അഴിയൂർ കോട്ടാമല കുന്നുമ്മൽ 'സ്വപ്നം' വീട്ടിൽ ഷിഗിൽ ലാൽ (35), പുന്നോൽ കണ്ണാട്ടിൽ മീത്തൽ റോജ (56) എന്നിവരാണ് മരിച്ചത്.
ആറുപേരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ഇതിൽ ഗുരുതര പരിക്കേറ്റ കാർ യാത്രക്കാരായ ചന്ദ്രി, സത്യൻ എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.