Idukki, വീടിന് തീ പിടിച്ച് നാല് പേർ മരിച്ച സംഭവം; ദുരൂഹതയില്ലെന്ന് പൊലീസ്.

 Idukki: പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ഷോർട്ട് സർക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.ഇതിൽ നിന്നാണ് ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


തെള്ളിപടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് മരിച്ചത്. ഇതിൽ അഭിനവിന്റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം വീടിൻ്റെ അടുക്കള ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്.ജനവാസം കുറവുള്ള പ്രദേശത്തെ വീട് പൂർണ്ണമായി കത്തി നശിച്ച നിലയിലാണ്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. വെള്ളത്തൂവൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റിയത്.


അതേസമയം, കുടുംബം ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശുഭയുടെ ബന്ധു ശ്രീനി പറഞ്ഞു. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശ്രീനി പറഞ്ഞു

"Fire-ravaged house in Idukki after fatal short circuit

.

Post a Comment (0)
Previous Post Next Post